Rate this

ജൂലീയസ് സീസറുടെ മരണത്തിനുശേഷം മാര്‍ക്ക് ആന്റണി നടത്തിയ പ്രസംഗം ഏറെ പ്രശസ്തമാണല്ലോ. കൊലപാതകിയായ ബ്രൂട്ടസിനെ മാന്യമായി അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ വാക്കുകള്‍ക്കെല്ലാം ദ്വയാര്‍ത്ഥങ്ങളായിരുന്നു. അവസാനം പ്രസംഗം തീരുമ്ബോള്‍ കേട്ടുനിന്നവരെല്ലാം ബ്രൂട്ടസിനെതിരെ കൊലയാളിയെന്ന് വിളിച്ചു തിരിയുകയായിരുന്നു. ഏറെ കെട്ടിഘോഷിച്ച പ്രത്യേകിച്ച്‌ മലയാളസിനിമയിലെ വുമണ്‍ കളക്ടീവിന്റെ കാലത്ത് പുറത്തിറങ്ങിയ മായാനദിയുടെയും ആദ്യകാഴ്ചയുടെ ഹാങ്ക് ഓവര്‍ വിട്ടുതീരുമ്ബോള്‍ പുതിയ നോട്ടത്തിലൂടെ ഈ സിനിമയെക്കുറിച്ചും ഒരു പുനര്‍ചിന്തനം കടന്നുവരികയാണ്. മായാനദി എന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടിലൂടെയുള്ള സിനിമ എന്നുള്ളത് പോലും ഒരു മായായിരുന്നുവെന്നുള്ള നിലയിലേക്ക്പോലും ആരെങ്കിലും ചിന്തിച്ചാല്‍ അതിനെ കുറ്റപ്പെടുത്താന്‍ ഈ സിനിമയുടെ ആഴത്തിലൂന്നിയുള്ള കാഴ്ചകളിലൂടെ ഇപ്പോള്‍ സഞ്ചരിക്കുമ്ബോള്‍ നമുക്ക് സാധിക്കില്ല.


പ്രണയത്തിന്റെ വ്യത്യസ്തമായ ഒരു യാത്ര, പ്രത്യേകിച്ച്‌ സ്ത്രീ പക്ഷത്തിലൂടെയുള്ള യാത്ര എന്നുള്ളതായിരുന്നു അപ്പു എന്ന മായാനദിയിലെ പ്രധാന കഥാപാത്രമായ അപര്‍ണയക്കുറിച്ചുള്ള വിലയിരുത്തല്‍. പ്രത്യേകിച്ച്‌ സെക്സ് ഈസ് നോട്ട് എ പ്രോമീസ് എന്ന അപര്‍ണയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഡയലോഗ്. കാമുകനായ മാത്തനുമായി ലൈംഗികമായി ബന്ധപ്പെട്ടശേഷം അപ്പു മാത്തനോട് പറയുന്ന ഡയലോഗാണിത്. കുടുംബബന്ധമെന്ന കെട്ടിക്കുരുക്കില്‍ സ്ത്രീയെ തളച്ചിടുന്നതിനെതിരെയുള്ള പ്രഖ്യാപനമായെല്ലാം ഫെമിനിസ്റ്റ് ബുദ്ധിജീവി ജാഢ്യതയുടെ ഭാഗമായി ഇതിനെ വിലയിരുത്താമെങ്കിലും അതിനപ്പുറം തന്റെ കരിയറും ഉയര്‍ച്ചയേയുംക്കുറിച്ച്‌ മാത്രം ചിന്തിക്കുന്ന ഒരു പ്രായോഗികവാദിയായ മലയാളി മോഡലിന്റെ വാക്കുകള്‍ മാത്രമാണിത്. സിനിമ തന്നെ ഇതിനെ ദൃശ്യങ്ങളിലൂടെ സാധൂകരിക്കുന്നുമുണ്ട്.


അപ്പുവിന്റെ സുഹൃത്തായ സൈക്കോളജി കൗണ്‍സിലര്‍ ഒരു സമയത്ത് അവന്റെകൂടെ പോയി ദുബൈയില്‍ സെറ്റില്‍ചെയ്തുകൂടേ എന്നു ചോദിക്കുന്നുണ്ട്. എന്നാല്‍ പത്തിരുപത്തേഴ് വയസ്സുള്ള പയ്യനാണ് അവന് പക്വതയെത്തിയിട്ടില്ലെന്ന മറുപടിയാണ് മാത്തനെക്കുറിച്ച്‌ അപര്‍ണയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേലത്ത് എന്‍ജിനീയറിംഗിന് പഠിക്കുമ്ബോള്‍ തുടങ്ങിയ ഇരുവരുടെയും ബന്ധം ചില കാരണങ്ങളാല്‍ തെറ്റുകയാണ്. പിന്നീട് വീണ്ടും മാത്തന്‍ തേടി വരുന്നുണ്ടെങിലും അപ്പു സ്നേഹത്തിന് ട്രസ്റ്റ് വിശ്വാസ്യത ഒരു ഘടകമാണെന്ന് പറഞ്ഞ് ഇവനെ ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഒരു സിനിമാ ഓഡീഷനില്‍ പങ്കെടുക്കുവാന്‍ തനിക്ക് പ്രചോദകമായി മാത്തന്‍ മാറുമ്ബോള്‍, മാത്തനെ വീണ്ടും അമ്മ ഇന്ന് വീട്ടിലില്ലെന്നും എന്റെകൂടെ വീട്ടിലേക്ക് പോരുന്നോയെന്നും ചോദിച്ചുകൂട്ടികൊണ്ടുപോകുകയാണ്.

ഇവിടെവെച്ചാണ് ഇരുവരും വീണ്ടും ലൈംഗികമായി ബന്ധപ്പെടുന്നത്. അതും ഒന്നുകഴിഞ്ഞപ്പോള്‍ വീണ്ടും രണ്ടാമതും അപ്പുവിന്റെ ആവശ്യപ്രകാരം മാത്തന്‍ തയ്യാറാകുകപോലും ചെയ്യുന്നുണ്ട്.
ദുബൈയില്‍ സെറ്റില്‍ചെയ്യുന്നതിനെക്കുറിച്ച്‌ ഇതിനുശേഷം പറയുന്ന മാത്തനോടാണ് ഏറെ ആഘോഷിക്കപ്പെട്ട സെക്സ് ഈസ് നോട്ട് എ പ്രോമീസ് എന്ന ഡയലോഗ് പറയുന്നത്. വിവാഹബന്ധത്തില്‍പോലും നിര്‍ബന്ധമായ ലൈംഗികബന്ധത്തിനെതിരെ കേസെടുക്കാന്‍ നിയമം വേണമെന്ന ചര്‍ച്ചനടക്കുന്ന കാലത്തായതുകൊണ്ട് ഇത് ഏറെ കെട്ടിഘോഷിക്കപ്പെട്ടു. ഇതിനും നല്ലൊരു വിപണനസാധ്യതയുണ്ടെന്ന തിരിച്ചറിവാണിത്. (ഇങ്ങനെയൊരു നിയമം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ഒരു പ്രമുഖ വ്യക്തി ആത്മഹത്യചെയ്തെന്ന് പറയപ്പെടുന്ന സുനന്ദതരൂര്‍ എന്ന പാവം സ്ത്രീയുടെ ഭര്‍ത്താവ് ശശി തരൂര്‍ എം പിയാണ് കേട്ടോ!.)
ഓഡീഷനില്‍ പ്രചോദിപ്പിച്ചതിനുള്ള ഉപകാരസ്മരണയായിരുന്നു കിടപ്പറ പങ്കിടുവാനുള്ള അവസരമെന്ന് അവളുടെ പിന്നീടുള്ള പ്രവര്‍ത്തികളിലൂടെ തെളിയുന്നുണ്ട്. ഇങ്ങനെ തനിക്ക് വേണ്ട സമയത്ത് കൂടെ കൊണ്ടുനടക്കുവാനുള്ള ബോഡിഗാര്‍ഡും തോന്നുമ്ബോള്‍ ഉപയോഗിക്കുവാനുള്ള ഒരു സാധനവുമായി മാത്രം മാത്തന്‍ എന്ന ചെറുപ്പക്കാരനെ കാണുന്ന നായിക അല്ല നായകകഥാപാത്രമാണ് സിനിമയിലെ അപ്പു എന്ന അപര്‍ണ.
തികച്ചും തങ്ങളുടെ കരിയറടക്കമുള്ള കാര്യങ്ങള്‍ മാത്രം നോക്കി മറ്റു മാനുഷികമൂല്യങ്ങള്‍ക്കൊന്നും പ്രാധാന്യംകൊടുക്കാത്ത ഒരു കണ്‍സ്യുമര്‍ ഉല്പന്നംപോലുള്ള കഥാപാത്രമായാണ് കാഴ്ചയുടെ അവസാനത്തില്‍ ഇതിലെ നായികയെ കണ്ടിരിക്കുന്നവര്‍ക്ക് തോന്നുക. പ്രത്യേകിച്ച്‌ മധുരയില്‍ നിന്ന് വരുന്ന പോലീസുകാര്‍ക്ക് മാത്തനെ പിടിച്ചുകൊണ്ടുപോകുവാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുന്നതും നായികയാണ്.
പക്ഷേ അതിനുശേഷം എന്നെങ്കിലും മാത്തന്‍ തിരിച്ചുവരുന്ന പ്രേമോദാത്തമായ കുറെ ആത്മഗതങ്ങള്‍ അപര്‍ണയുടേതായി സ്ക്രീനില്‍ വരുന്നുണ്ടെങ്കിലും നന്മയുടെ പ്രതീകമായല്ല, സ്വന്തം താല്പര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്കുന്ന ഒരു സ്വാര്‍ഥമോഹിയായ നായികമാത്രമായാണ് ആത്യന്തികമായി പ്രേക്ഷകന് അപര്‍ണയെക്കുറിച്ച്‌ തോന്നുക. ഇതിനെ സ്ത്രീവിരുദ്ധതയെന്നും സ്ത്രീവിരുദ്ധമായ കഥാപാത്രമെന്നും വിളിക്കുക തന്നെയാണ് വേണ്ടത്.
ഒരു കാര്യമുറപ്പാണ്, എത്രയൊക്കെ നാം സ്വാതന്ത്ര്യത്തിന്റെ ഉത്തുംഗതയെക്കുറിച്ച്‌ സംസാരിച്ചാലും സ്വന്തം കാമുകനെ വെട്ടിമുറുക്കിസ്യൂട്ട് കേസിലാക്കിയ ഡോ. ഓമനയെയല്ല മലയാളി പ്രേക്ഷകരും മലയാളി സമൂഹത്തിനും ഇഷ്ടമെന്നുള്ളതാണ് മായാനദിയുടെ അണിയറപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടിയിരുന്നു. പക്ഷേ ഇതിലെ ഏറ്റവും വലിയ സ്ത്രീപക്ഷ കാഴ്ചയെ കാണാതിരിക്കുവാനും പറയാതിരിക്കുവാനും കഴിയില്ല.


എന്തുകൊണ്ടെന്നാല്‍ മലയാളത്തിലെ മുഖ്യധാരയില്‍ തന്നെ ഏറെ നല്ല സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കിയ പത്മരാജനും ഭരതനു ം ഐ വി ശശിക്ക് പോലും സാധിക്കാത്ത രീതിയില്‍ സ്ത്രീയെ ഈ സിനിമയുടെ ക്യാമറ ഒളിഞ്ഞുനോക്കുന്നില്ലെന്നുള്ളതുമാത്രമാണത്. സ്ത്രീ ശരീരത്തിന്റെ ലൈംഗിക ചുവയോടെയുള്ള പുരുഷവീക്ഷണത്തിലുള്ള കാഴ്ചകളായിരുന്നു ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പോലും ഇത്തരം ആളുകളില്‍ നിന്നുണ്ടായിരുന്നതെങ്കില്‍ ഈ സിനിമ നായകനും നായികയും തമ്മിലുള്ള ലൈംഗിക രംഗങ്ങളില്‍പോലും ഇത്തരമൊരു ഒളിഞ്ഞുനോട്ടത്തിനല്ല, ഇടം കൊടുക്കുന്നതെന്നതാണ്. ഇതാണ് സിനിമയുടെ എടുത്തുപറയാവുന്ന ഒരു വ്യത്യസ്തതയും. മറിച്ച്‌ കൊണ്ടാടപ്പെടുന്നത്പോലെ ഈ സിനിമയുടെ ആത്യന്തികമായ കാഴ്ച ഒരു നല്ല നായിക കഥാപാത്രത്തെയല്ല, സ്വാര്‍ഥമോഹിയായ നായികകഥാപാത്രത്തെയാണ് സിനിമയുടെ ദൃശ്യങ്ങളിലൂടെ തന്നെ മുന്നോട്ടുവെക്കുന്നത്.

Leave a Reply

60 − 56 =