5 (100%) 1 vote

വെള്ളരിപ്രാവിന്റെ സംഗീതവുമായ് നോയലും അഞ്ജുവും…

🔷 അപ്പൂസ് കെ.എസ്

മനം കവരുന്ന കവർ സോംഗുമായി ആസ്വാദകരുടെ ഹൃദയത്തിൽ ചേക്കേറുകയാണ് ഗായകരായ നോയൽ ടോംസും അഞ്ജു എബ്രഹാമും. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ മലയാളത്തിൽ റിലീസ് ആയ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കലു വെള്ളരിപ്രാവ്‌ എന്നു തുടങ്ങുന്ന ഗാനത്തിന്റെ കവർ ആണ് നോയൽ ടോംസ് നിർമിച്ചു നോയലും അഞ്ജു എബ്രഹാമും ചേർന്ന് അവതരിപ്പിച്ചത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ അഭിനേതാവ് കൂടിയായ വിജയ് ബാബു നിർമിച്ച സൂഫിയും സുജാതയും എന്ന സിനിമയിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് അർജുൻ കൃഷ്ണ, നിത്യ മാമ്മൻ, സിയ ഉൽ ഹഖ് എന്നിവരാണ്. എം ജയചന്ദ്രന്റെ ഹൃദയഹാരിയായ സംഗീതം ഇതിനോടകം പ്രേക്ഷകമനം കവർന്നു കഴിഞ്ഞു. ബി കെ ഹരിനാരായണന്റേതാണ് രചന. ഗാനത്തിലെ ഹിന്ദി വരികൾ ഷാഫി കൊല്ലത്തിന്റേതാണ്.
കവർ സോംഗിന്റെ മനോഹരമായ ദൃശ്യങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ആനന്ദ് എബ്രഹാമും നെവിൽ ടോംസും ആണ്. ഗൃഹാന്തരീക്ഷം നൽകുന്ന പ്രത്യേക ദൃശ്യാനുഭൂതിയാണ് ആകർഷകമായ ഒരു പ്രത്യേകത. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിജോ നിക്കോളാസ് ആണ്.
ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കവർ സോങ്ങിന് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗായകനും മ്യൂസിക് പ്രൊഡ്യൂസറുമാണ് നോയൽ ടോംസ്. ഗായിക, അവതാരക, ഡബ്ബിങ് ആർട്ടിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനർ എന്നിങ്ങനെ പല മേഖലകളിൽ തിളങ്ങുന്ന അഞ്ജു എബ്രഹാം കൊച്ചിയിലെ ഡിസൈൻ യുവർ ഡ്രീംസ്‌ (DYD) എന്ന ബ്യൂട്ടിക്കിന്റെ ഓണർ കൂടി ആണ്. ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച വാതിക്കല് വെള്ളരിപ്രാവ്‌ ഇവിടെ കാണാം.

Leave a Reply

5 + 5 =