Rate this

 

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു.

 

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ പ്രതാപ് പോത്തനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നൂറിലേറെ സിനിമകളില്‍ പ്രതാപ് പോത്തന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രതാപ് പോത്തന്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായും നിര്‍മ്മാതാവായും അദ്ദേഹം സിനിമാ രംഗത്ത് സജീവമായിരുന്നു.

ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തകര, ചാമരം, ലോറി, ഓളങ്ങള്‍, സിന്ദൂര സന്ധ്യയ്ക്ക് മൗനം, നിറഭേദങ്ങള്‍ , തന്മാത്ര, 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍ , ഇടുക്കി ഗോള്‍ഡ്, മുന്നറിയിപ്പ്, ഫോറന്‍സിക് അടക്കം നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തകരയിലെ ടൈറ്റില്‍ കഥാപാത്രമായ തകരയാണ് പ്രതാപ് പോത്തന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്.

മലയാളത്തില്‍ എന്ന പോലെ തമിഴിലും പ്രതാപ് പോത്തന്‍ വളരെ സജീവമായിരുന്നു.. അഴിയാത്ത കോലങ്ങള്‍, വരുമയിന്‍ നിറം സിവപ്പ്, ഇളമൈ കോലം, നെഞ്ചത്തെ കിള്ളാതെ, വാ ഇന്ത പക്കം, തില്ലു മുല്ലു, റാണി, പനിമലര്‍, വാഴ്വേ മായം അടക്കമുളള തമിഴ് ചിത്രങ്ങളിലും ജസ്റ്റിസ് ചക്രവര്‍ത്തി, ആകലി രാജ്യം, ചുക്കല്ലോ ചന്ദ്രഡു, മാരോ ചരിത്ര, വീടെവഡു അടക്കമുളള തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഋതുഭേദം, ഡെയ്‌സി എന്നീ മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തമിഴില്‍ വെട്രിവിഴ, ജീവ, ലക്കിമാന്‍ അടക്കമുളള സിനിമകള്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലാണ് പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ചത്.

മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്‌ക്കാരം, ഫിലിം ഫെയര്‍ പുരസ്‌ക്കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ് അടക്കമുളള അംഗീകാരങ്ങള്‍ പ്രതാപ് പോത്തനെ തേടിയെത്തിയിട്ടുണ്ട്. 1952ല്‍ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ബിസിനസ്സുകാരനുമായിരുന്ന കുളത്തുങ്കല്‍ പോത്തന്റെ മകനാണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബിഎ ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കി.

Leave a Reply

16 + = 20